(പെന്തിക്കോസ്തിക്കു ശേഷം ഒമ്പതാം ഞായര്‍)
പെന്തിക്കോസ്തിക്കുശേഷമുള്ള അഞ്ചാം ഞായറിന്‍റെ വായനയുടെ അനുരണനം ഇന്നത്തെ വേദഭാഗത്തിലും കാണാം. താഴ്മയുടെയും, ത്യാഗത്തിന്‍റെയും മഹിമയെന്തെന്ന് കാണിക്കുവാന്‍ ക്രിസ്തു ഒരു (വിവാഹ) വിരുന്നുമായി ബന്ധപ്പെട്ട് പറയുന്ന ഒരുപമയാണ് ഇന്ന് നാം വായിച്ചു കേട്ടത്. അതോടൊപ്പം ഒരു അതിഥിയും, ആതിഥേയനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ആദരവ് പിടിച്ചുപറ്റേണ്ടവയല്ല, മറിച്ച് മറ്റുള്ളവരാല്‍ ലഭിക്കേണ്ടവയാണ് എന്നും യേശുക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു.
തന്‍റെ പരസ്യശുശ്രൂഷാക്കാലത്ത് പല സമയത്തും, പരീശന്മാരുടെയും, ധനവാന്മാരുടെയും ഒക്കെ ക്ഷണിക്കപ്പെട്ട വിരുന്നുകളില്‍ യേശു പങ്കെടുത്തിരുന്നു. ആ സമയങ്ങളില്‍ അവരോട് ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ വിരുന്നുഭാഷണങ്ങള്‍ അധികമായിട്ട് കാണാവുന്നതാണ് (5:29, 7:36, 11:37, 14:1, 19:5, രള. 7:34, 15:1,2, യോഹ. 2:1-10). ഇവിടെ ക്രിസ്തു പരീശപ്രമാണികളില്‍ ഒരാളുടെ ഭവനത്തിലാണ് വിരുന്നിനായി എത്തിയത്. വേദപണ്ഡിതര്‍ അത് ഒരു വിവാഹ വിരുന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്നു. യേശുക്രിസ്തുവിന്‍റെ കാലത്ത്, വിവാഹ വിരുന്നുകള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും പരസ്പരം സൗഹൃദം പങ്കുവെയ്ക്കുവാനും ഒക്കെ ഈ ആഘോഷങ്ങള്‍ മതിയായവയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത് മുതല്‍ വിവാഹദിനം വരെയുള്ള ആഘോഷങ്ങളില്‍ മിക്കവാറും എല്ലാ ആളുകളും പങ്കെടുക്കുമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഒരു പൂര്‍ണ്ണരൂപം (ഠലിമശാ) വധുവരന്മാരുടെ ബന്ധുക്കള്‍ കൈമാറുമായിരുന്നു. വിവാഹദിനത്തില്‍ വധുവിന്‍റെ വീട്ടില്‍ നിന്നും വരന്‍റെ വീട്ടിലേക്ക് ആഘോഷപൂര്‍വ്വമായ പ്രൊസഷന്‍ നടത്തുകയും, വാദ്യവും, സംഗീതവും എല്ലാം അതിന് മേളക്കൊഴുപ്പ് ഏകുകയും ചെയ്യും. ഓരോ വ്യക്തിയുടെയും സമൂഹത്തിലുള്ള സ്ഥാനവും, മാന്യതയും, മഹിമയും എടുത്തു കാണിച്ചിരുന്നത് ആഘോഷങ്ങളുടെ അളവായിരുന്നു. അങ്ങനെ ഒരു വിരുന്നിന്‍റെ ഉപമയാണ് ക്രിസ്തു തന്‍റെ ശ്രോതാക്കളോട്, ആദരവും, പ്രശംസയും പിടിച്ചുപറ്റുന്നത് ഏതുവിധേനയാണ് എന്ന് കാണിക്കുവാന്‍ പറയുന്നത്. കൂടാതെ ക്ഷണിച്ചവനും, ക്ഷണിക്കപ്പെട്ടവനും എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ ഉപമയില്‍ കൂടി വ്യക്തമാക്കുന്നു.
1. ആതിഥേയന്‍റെയും (ക്ഷണിച്ചവന്‍റെ) അതിഥിയുടെയും (ക്ഷണിക്കപ്പെട്ടവന്‍റെയും) ഗുണഗണങ്ങള്‍
മനുഷ്യസംസ്കാരം ഏറ്റവും മഹത്തായതായി കരുതിപ്പോന്ന ഒന്നാണ് 'അതിഥി ദേവോ ഭവ:' എന്നത്. ക്ഷണിക്കപ്പെട്ടവരെ ദൈവമായി കരുതുന്ന പാരമ്പര്യം. അതിനാല്‍ ഒരു ആതിഥേയന്‍ തന്‍റെ ഭവനത്തില്‍ വരുന്നവരെ തീര്‍ത്തും മാനിക്കണമെന്നും അതിഥിയുടെ നിലയനുസരിച്ച്, അതിനാസ്പദമായുള്ള സ്ഥാനം നല്‍കണമെന്നും വിവക്ഷിക്കുന്നു. മാത്രമല്ല, അതിഥിയുടെ സന്തോഷമാണ് വിരുന്നിന് പൂര്‍ണ്ണത നല്‍കുന്നത്. അത് ശ്രദ്ധിക്കേണ്ടത് ആതിഥേയന്‍റെ കടമയുമാണ്.
അംഗീകരിക്കപ്പെടുക എന്നത് അതിഥിയുടെ ആവശ്യമാണ്. എന്നാല്‍ അതിനുവേണ്ടി സ്വയം പരിശ്രമിക്കേണ്ടതില്ല എന്നാണ് അതിഥി മനസ്സിലാക്കേണ്ടത്. തന്‍റെ നിലയും വിലയും എന്തെന്ന് മനസ്സിലാക്കി, ആതിഥേയന്‍റെ സ്വീകരണത്തിന് ഒരുങ്ങുകയാണ് അതിഥി ചെയ്യേണ്ടത്. മാത്രമല്ല, തന്‍റെ മുമ്പില്‍ വിളമ്പുന്നവ സ്വീകരിക്കുവാനും, തെല്ലും കുറ്റപ്പെടുത്താതെ സന്തോഷപൂര്‍വ്വം ആതിഥേയന്‍റെ വിരുന്നിന്‍റെ ഭാഗമാകുവാനും അതിഥിക്ക് കഴിയണം.
ക്രിസ്തു ക്ഷണിക്കപ്പെട്ട വിരുന്നില്‍ ഈ ഔചിത്യബോധം തീര്‍ത്തും ഉണ്ടായില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. അതിഥി തയ്യാറായില്ല എന്നത് കണ്ട് അവരെ ശാസിക്കുവാനും യഥാര്‍ത്ഥ വിരുന്ന് എങ്ങനെയാണ് നടത്തേണ്ടതെന്നും ഒരു ഉപമയില്‍കൂടി ക്രിസ്തു പറയുന്നു. പ്രമുഖ സ്ഥാനം ഒരിക്കലും കാംക്ഷിക്കരുത് എന്നും, മഹത്വമുണ്ടാകുവാനായി അവസാനത്തെ സ്ഥാനത്ത് ആദ്യം ഇരിക്കണമെന്നും അതിഥിയോട് ക്രിസ്തു പറയുമ്പോള്‍, ആതിഥേയന്‍ ക്ഷണിക്കപ്പെട്ടവരെ മാനമേറിയവരായി കണ്ട് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കണമെന്നും പറയുന്നു. പഴയനിയമത്തിലെ ജ്ഞാനപുസ്തകങ്ങളിലൊന്നായ സുഭാഷിതങ്ങളില്‍ അതിഥിയും, ആതിഥേയനും പാലിക്കേണ്ട കടമകള്‍ എന്തെന്ന് പറയുന്നുണ്ട് (സുഭാഷിതങ്ങള്‍ 25:6-7). ആദരവ് സ്വയം പിടിച്ചു വാങ്ങേണ്ടവയല്ല എന്നും, മറ്റുള്ളവര്‍ തങ്ങളുടെ ഉള്ളില്‍ നിന്ന് നല്‍കേണ്ടവയാണെന്നും ക്രിസ്തു പറയുന്നു.
2. താഴ്മയുടെയും, വിനയത്തിന്‍റെയും ഗുണങ്ങള്‍ ഒരുവനിലുണ്ടായിരിക്കുക
തന്‍റെ പഠിപ്പിക്കലുകളില്‍ ക്രിസ്തു ഏറ്റവുമധികം പ്രാധാന്യം കൊടുത്ത ഒന്നാണ് താഴ്മയുടെയും വിനയത്തിന്‍റെയും മഹിമ. വയലിലെ പൂവിനു പോലും, ശലോമോനെക്കാളും മഹത്വമുണ്ടെന്നും ഒന്നിനെയും കുറച്ച് കാണരുതെന്നും ക്രിസ്തുമൊഴി (മത്തായി 6:28, 29). ഓരോ വ്യക്തികളും മനുഷ്യനെന്ന നിലയിലുള്ള, ദൈവസൃഷ്ടിയുടെ മകുടമെന്ന (സങ്കീ. 8) നിലയില്‍, ആദരിക്കപ്പെടേണ്ടവരാണെന്നും, താഴ്മയിലും വിനയത്തിലും കൂടി മാത്രമേ ഈ ആദരവ് ലഭിക്കുകയുള്ളു എന്നും ക്രിസ്തു തന്‍റെ സ്വജീവിതത്തിലൂടെ പഠിപ്പിച്ചു. ഒരു മനുഷ്യന്‍ കടന്നുപോകാമായിരുന്ന എല്ലാ വഴിത്താരകളിലും ക്രിസ്തു സഞ്ചരിച്ചിട്ടുണ്ട്. അപമാനവും, നിന്ദയും, പീഡനങ്ങളും, പട്ടിണിയും, ദുരിതങ്ങളും, ഒറ്റപ്പെടുത്തലുകളും, കുറ്റാരോപണങ്ങളും അവസാനം ക്രൂശുമരണം വരെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ ക്രിസ്തു ഏറ്റുവാങ്ങി. അപ്പോഴെല്ലാം അപരന്‍റെ സന്തോഷത്തിനും മഹത്വത്തിനും വേണ്ടി മാത്രമാണ് ക്രിസ്തു നിലകൊണ്ടത്. രോഗികളെ സൗഖ്യമാക്കുന്ന സമയത്തും, സമൂഹത്തില്‍ അവരുടെ നിലയും വിലയും ഉറപ്പിക്കുവാനായിരുന്നു ക്രിസ്തു ശ്രദ്ധിച്ചത്. സമൂഹത്തിലെ വിവിധ തരങ്ങളായ വ്യക്തികളോടും - ധനവാന്മാര്‍, ചുങ്കക്കാര്‍, ശാസ്ത്രിമാര്‍, പരീശര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍ - അവര്‍ അര്‍ഹിക്കുന്നതരത്തില്‍ സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാന്‍ ക്രിസ്തു ശ്രദ്ധിച്ചിരുന്നു. 'ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പീന്‍' (മത്തായി 11:29) എന്നാണ് ക്രിസ്തു പ്രസംഗിച്ചത്. താഴ്മയും വിനയവും ഏതവസരത്തിലും കൂടെ കൊണ്ടുനടക്കേണ്ടുന്ന മഹത്ഗുണങ്ങളാണെന്നും അത് വിരുന്നു ഭവനത്തിലായാലും, വിലാപ ഭവനത്തിലായാലും (യോഹ. 11:35) അപരനെ തന്നേക്കാളും ശ്രേഷ്ഠനെന്ന് എണ്ണുന്ന, മറ്റുള്ളവരോട് അനുരൂപപ്പെടുന്ന ഭാവമായി ക്രിസ്തു കാണിച്ചുതന്നു. ഈ ഭാവമാണ് ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്രയായി മാറേണ്ടത്.
ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖ സ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത് കണ്ടിട്ടാണ് ക്രിസ്തു ഈ ഉപമ പറഞ്ഞത്. എന്തിനും ഏതിനും പ്രശംസയും, മുഖ്യാസനവും ആഗ്രഹിക്കുന്ന വ്യക്തികളായി നാം മാറിക്കഴിഞ്ഞു. അന്യനെ മനസ്സിലാക്കുവാനോ, അവരുടെ ദുഃഖത്തില്‍ പങ്കുചേരുവാനോ ശ്രമിക്കാതെ, അവസരം കിട്ടുമ്പോഴെല്ലാം അവരെ ഇടിച്ചുതാഴ്ത്തി ഇല്ലാതാക്കുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ വല്ലാതെ വ്യാപിച്ചിരിക്കുന്നു. സമൂഹത്തില്‍ അന്തസ്സുള്ള സ്ഥാനമാനങ്ങള്‍ കിട്ടാന്‍ മനുഷ്യര്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ക്ക് ഇന്ന് കണക്കില്ല. അംഗീകാരവും പ്രശംസയും ലഭിക്കുന്നതിനുവേണ്ടി മറ്റുള്ളവരെ ഇല്ലാതാക്കുവാന്‍പോലും മടിക്കാത്ത സമൂഹമാണ് ഇന്നത്തേത്. സ്തുതിപാഠകരുടെയും, നേതാക്കന്മാരുടെയും എണ്ണം ഇന്ന് കൂടുതലാണ്. മഹാനാകുവാന്‍ ഇച്ഛിക്കുന്നവന്‍ ദാസനാകണമെന്നും, മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല മറിച്ച് ശുശ്രൂഷിക്കുവാനാണ് വന്നതെന്നുമുള്ള (മത്തായി 20:28) ക്രിസ്തുവചനം ഇന്ന് സഭാമക്കള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ അതിഥിയുടെയും, ആതിഥേയന്‍റെയും ഔചിത്യബോധവും. ഈ ഇരുളില്‍ നിന്നും കരകയറുവാന്‍ ക്രിസ്ത്യാനി എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. 'അവന്‍ വളരണം, ഞാനോ കുറയണം' (യോഹ. 3:30) എന്ന യോഹന്നാന്‍ സ്നാപകന്‍റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കണം.
ദൈവം നമുക്ക് നല്‍കിയ കഴിവുകള്‍ ദൈവത്തെയും സഭയെയും ജനങ്ങളെയും ശുശ്രൂഷിക്കുവാനായി ആര്‍ജ്ജവത്തോടെ പരിശ്രമിക്കുമ്പോള്‍ അധികാരം താനേ ലഭിക്കും. അതോടൊപ്പം അര്‍ഹതയില്ലാത്ത സ്ഥാനങ്ങള്‍ക്കുവേണ്ടി, ക്രിസ്ത്യാനിക്ക് ഉചിതമല്ലാത്ത പ്രവൃത്തികളില്‍ നാം ഏര്‍പ്പെടുകയും ചെയ്യരുത്.
*******************************************************
ഫാ. യോഹന്നാന്‍ കെ.
(സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)
*******************************************************
ഫാ. യോഹന്നാന്‍ കെ.
(സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരി, നാഗ്പ്പൂര്‍)

No comments:
Post a Comment