വി. കൂടാരപെരുന്നാള്‍ മുതലുള്ള കാലത്തെ, ആരാധന വാര്‍ഷിക കലണ്ടറില്‍ മഹത്വീകരണ കാലം അഥവാ തേജസ്ക്കരണ കാലം എന്ന് പിതാക്കന്മാര്‍ വിളിക്കുന്നു. പെന്തിക്കോസ്തി കാലം സുവിശേഷ പ്രഘോഷണവും അതുമൂലമുള്ള പ. സഭയുടെ വളര്‍ച്ചയും ഒപ്പം വി. ശ്ലീഹന്മാരും അറിയിപ്പുകാരും സഹദേന്മാരും പിതാക്കന്മാരും ആയതിനുവേണ്ടി അനുഭവിച്ച കഷ്ടതകളും മരണവും അനുസ്മരിക്കുന്ന കാലമായിരുന്നെങ്കില്‍ തേജസ്ക്കരണ കാലത്തില്‍ കഷ്ടതകള്‍ക്ക് അവസാനമുണ്ടെന്നും ക്രിസ്തുവിനെ സാക്ഷിച്ചവര്‍ അവനില്‍ മഹത്ത്വപ്പെടുകയും തേജസ്സില്‍ ഉയര്‍ക്കപ്പെടുകയും ചെയ്യുമെന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
"മുടികള്‍ മുടഞ്ഞവ നിരനിരയായ് ബലിപീഠത്തിലിരിപ്പുണ്ട്..." എന്ന എക്ബോയില്‍ ഈ ആശയം വ്യക്തമാണ്. ശാരീരിക മരണം കൊണ്ട് അവസാനിക്കുന്നതല്ല ക്രിസ്തീയ ജീവിതം എന്നും; മറിച്ച് ക്രിസ്തുവിനുവേണ്ടി വെറുമയാക്കപ്പെട്ട് മരിക്കുന്നവര്‍ നിത്യതയില്‍ ജീവിച്ച് തേജസ്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് ആരാധനാവര്‍ഷത്തിലെ ആറാമത്തെ കാലം (കൂടാരപെരുന്നാള്‍ മുതല്‍ സ്ലീബാപെരുന്നാള്‍ വരെ) നമ്മെ പഠിപ്പിക്കുന്നത്.
ശൂനോയോ നോമ്പിന്‍റെ പശ്ചാത്തലത്തില്‍ കൂടാരപെരുന്നാളിന്‍റെ മഹത്ത്വത്തില്‍ ആരംഭിക്കുന്ന ഈ കാലത്ത് പ. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളില്‍ മനുഷ്യകുലത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ മഹത്വവും അംഗീകാരവും പ. അമ്മയ്ക്ക് ലഭിച്ചുവെന്ന് നാം കാണുന്നു.
അപ്രകാരം മഹത്വീകരിക്കപ്പെടുവാനും "ഇവനെന്‍റെ പ്രിയ പുത്രന്‍/പുത്രി എന്ന സാക്ഷ്യം പിതാവില്‍ നിന്നും പുത്രനിലൂടെ പരിശുദ്ധാത്മ കൃപയാല്‍ കേള്‍ക്കുവാന്‍ നമുക്കും സാധ്യമായി തീരട്ടെ.
ദൈവം അനുഗ്രഹിക്കട്ടെ.


Good message.
ReplyDelete